കാക്കനാട്: സീറോ മലബാർ സഭയിലെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷനിൽ പുതിയ സെക്രട്ടറിമാരെ നിയമിച്ചു. കമ്മീഷൻ ജനറൽ സെക്രട്ടറിയായി റവ.ഫാ. അരുൺ കലമറ്റത്തിലും, അൽമായ ഫോറം സെക്രട്ടറിയായി ജോർജ് കോയിക്കലും, പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റിന്റെ സെക്രട്ടറിയായി ജോയിസ് മുക്കുടവും നിയമിതരായി. കമ്മീഷൻ ജനറൽ സെക്രട്ടറിയായിരുന്ന റവ.ഫാ. ജോബി മൂലയിലും, അൽമായ ഫോറം സെക്രട്ടറിയായിരുന്ന ടോണി ചിറ്റിലപ്പിള്ളിയും, പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റിന്റെ സെക്രട്ടറിയായിരുന്ന സാബു ജോസും സേവനകാലാവധി പൂർത്തിയാക്കിയതിനാലാണ് പുതിയ നിയമനങ്ങൾ. പെർമനന്റ് സിനഡിന്റെ അംഗീകാരത്തോടെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ ജോർജ് മടത്തിക്കണ്ടത്തിൽ ആണ് നിയമനങ്ങൾ നടത്തിയത്. മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി.
കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ ജനറൽ സെക്രട്ടറിയായി നിയമിതനായിരിക്കുന്ന റവ.ഡോ. അരുൺ കലമറ്റത്തിൽ പാലക്കാട് രൂപതാംഗമാണ്. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നും ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഫാ. കലമറ്റത്തിൽ വിവിധ സെമിനാരികളിൽ അധ്യാപകനാണ്. പാലക്കാട് രൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ ഡയറക്ടറായും, സ്റ്റാർസ് എന്ന അൽമായ പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടറായും സേവനം ചെയ്യുന്നതിനിടെയാണ് പുതിയ നിയമനം.
അൽമായ ഫോറം സെക്രട്ടറിയായി നിയമിതനായിരിക്കുന്ന ജോർജ് കോയിക്കൽ ഇടുക്കി രൂപതയിലെ ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ ഇടവകാംഗമാണ്. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, രൂപത പി.ആർ.ഓ, ജാഗ്രതാസമിതി കോ-ഓർഡിനേറ്റർ എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ സഭാശുശ്രൂഷ ചെയ്യുന്ന ജോർജ് കോയിക്കൽ 34 വർഷങ്ങളായി വിശ്വാസപരിശീലകനുമാണ്. പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റിന്റെ സെക്രട്ടറിയായി നിയമിതനായിരിക്കുന്ന ജോയിസ് മുക്കുടം കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ ഈസ്റ്റ് നിർമ്മലമാതാ ഇടവകാംഗമാണ്. പ്രോ ലൈഫ് രൂപതാ പ്രസിഡന്റ്, കൾച്ചറൽ ഫോറം സംസ്ഥാന കോ-ഓർഡിനേറ്റർ, മദ്യവിരുദ്ധ സമിതി രൂപത വൈസ് പ്രസിഡന്റ്, എം.ജി. യൂണിവേഴ്സിറ്റി റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജോയിസ് മുക്കുടം വിസ്മയ കലയിലൂടെ പ്രസിദ്ധനായ മജീഷ്യൻ കൂടിയാണ്.
New Appointments to Commission for Families, Alumni and Life